@Thalenth official
കൊച്ചി ∙ കൊട്ടും കുരവയും പരമ്പരാഗത കലാപ്രകടനങ്ങളും സൃഷ്ടിച്ച ഉത്സവാന്തരീക്ഷത്തിൽ ആഭ്യന്തര ക്രൂസ് ടൂറിസത്തിനു വീണ്ടും തുടക്കം. വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികളുമായി കൊർഡിലിയ ക്രൂസസിന്റെ ആഡംബര കപ്പൽ എംവി എംപ്രസ് കൊച്ചി തുറമുഖത്തെത്തി. കോവിഡ് സൃഷ്ടിച്ച 21 മാസത്തെ ഇടവേളയ്ക്കു ശേഷമാണ് ഒരു ക്രൂസ് വെസൽ തുറമുഖത്തെത്തുന്നത്. പുതിയ രാജ്യാന്തര ക്രൂസ് ടെർമിനലിൽ എത്തിയ ആദ്യ കപ്പലുമാണിത്.
Sponsored

1200 യാത്രികരുമായി എത്തിയ കപ്പലിൽ നിന്നു കൊച്ചി കാണാനിറങ്ങിയതു മുന്നൂറോളം സഞ്ചാരികൾ. അവർക്കു ചുറ്റാൻ ടൂർ ഏജൻസിയായ വൊയേജർ കേരള കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു യാത്രാ സൗകര്യങ്ങൾ ഒരുക്കി. പൈതൃക മേഖലകളിലെ സന്ദർശനവും കായലിലൂടെയുള്ള ബോട്ടു യാത്രയുമുണ്ടായിരുന്നു. കൊച്ചിയിൽ കപ്പൽ യാത്ര അവസാനിപ്പിച്ച സഞ്ചാരികളൊഴികെയുള്ളവരുമായി എംവി എംപ്രസ് ലക്ഷദ്വീപിലേക്കു പോയി.
മുംബൈ – കൊച്ചി – ലക്ഷദ്വീപ് റൂട്ടിലാണ് യാത്ര. 11 ഡെക്കുകളിലായി 796 ക്യാബിനുകളാണു കപ്പലിലുള്ളത്. സ്വിമ്മിങ് പൂൾ, 3 റസ്റ്ററന്റുകൾ, ഫിറ്റ്നസ് സെന്ററുകൾ, സ്പാ, തിയറ്റർ, കാസിനോ, നൈറ്റ് ക്ലബ്, ഡിജെ പാർട്ടികൾ, 5 ബാറുകൾ, ലൈവ് ബാൻഡുകൾ, ഷോപ്പിങ് തുടങ്ങി എല്ലാ സൗകര്യങ്ങളുമുള്ളതാണു കപ്പൽ. മെനു കാർഡിൽ നൂറിലധികം വിഭവങ്ങൾ. മൂന്നു രാത്രിയും നാലു പകലും നീളുന്ന കപ്പൽ യാത്രയ്ക്ക് 22,000 രൂപ മുതൽ 30,000 രൂപ വരെയാണു നിരക്കുകൾ.
Sponsored

